1
നിർമ്മാണം മുടങ്ങിയ പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ: ഹയർ സെക്കന്റെറി സ്കൂൾ കെട്ടിടം

പെരിങ്ങനാട് : തൃശ്ചേന്ദമംഗലം ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിലെ പുതിയ കെട്ടിട നിർമ്മാണം എന്ന് തീരുമെന്നതിനെക്കുറിച്ച് ആർക്കും ഉറപ്പില്ല. പണി തീർക്കാനുള്ള തുക അനുവദിച്ചിട്ടും അധികൃതരുടെ അനാസ്ഥയാണ് തടസമായത്.

കരാർ കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാറുകാരനെ ഒഴിവാക്കിയിരുന്നു. പണി തുടരാൻ ഇനി പുതിയ എസ്റ്റിമേറ്റും ടെൻഡർ നടപടികളും വേണം. ഒന്നാം നിലയുടെ കോൺക്രീറ്റ് കഴിഞ്ഞതിന്റെ പണം ലഭിച്ചില്ലെന്ന കാരണത്താലാണ് കരാറുകാരൻപണി നിറുത്തിവച്ചത്. 15 മാസമായി നിർമ്മാണം മുടങ്ങിക്കിടക്കുകയായാണ് . പണിനടക്കാത്തതിനെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യത്തിന് പരസ്പരം പഴിപറഞ്ഞൊഴിയുകയാണ് നിർവഹണ ഏജൻസിയും കരാറുകാരനും .

കിഫ്ബി പദ്ധതി പ്രകാരം 3 കോടി രൂപയാണ് മൂന്ന് നില കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്. 2020 ഡിസംബർ 10 നാണ് പണി തുടങ്ങിയത്. 2021 ആഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ ഒരു നിലയുടെ കോൺക്രീറ്റ് കഴിഞ്ഞ് രണ്ടാം നിലയുടെ ഫില്ലറുകൾ വാർക്കാനുള്ള കമ്പി കെട്ടി പണി നിറുത്തുകയായിരുന്നു.

പണി തീർത്തതിന്റെ ബില്ല് കരാറുകാരൻ യഥാസമയംനൽകാത്തതു കൊണ്ടാണ് പണം ലഭിക്കാതിരുന്നതെന്ന് നിർവഹണ ഏജൻസിയായ ഇൻ കെൽ അധികൃതർ പറയുന്നു. തർക്കത്തിനൊടുവിൽ കരാർ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകിയെങ്കിലും കരാറുകാരൻ പണി പൂർത്തിയാക്കിയില്ല. തുടർന്നാണ് കരാർ റദ്ദാക്കിയത്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് സ്കൂൾ .

# നിർമ്മാണം സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി

# കിഫ്ബി പദ്ധതിയിൽ അനുവദിച്ചത് 3 കോടി.