പത്തനംതിട്ട: മഴ പെയ്താൽ ചെളിക്കുളമായി വെട്ടിപ്പുറം - കടമ്മനിട്ട റോഡ്. വാഹനങ്ങൾക്ക് കടന്നുപോകാനും കാൽനടയാത്രയ്ക്കും ഈ റോഡിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. വെട്ടിപ്പുറം കരിമ്പനക്കൽ ക്ഷേത്രത്തിന്റെ മുൻഭാഗത്ത് 200 മീറ്ററോളമാണ് തകർന്നു കിടക്കുന്നത്. വാഹനങ്ങൾ ചെളിയിൽ പുതയുന്നതും പതിവാണ്. റോഡിന്റെ പുനർനിർമ്മാണം ഏറ്റെടുത്ത കെ.എസ്.ടി.പി കാലവർഷം കാരണമാണ് പണി തടസപ്പെട്ടതെന്നാണ് പറയുന്നത്. പഞ്ഞിമൂട് ജംഗ്ഷൻ മുതൽ മുണ്ടുകോട്ടക്കൽ വരെ മാത്രമാണ് ഒന്നാംഘട്ട ടാറിംഗ് നടത്തിയിട്ടുള്ളത്. റോഡ് ഉയർത്തുന്ന ഭാഗങ്ങളിൽ പച്ചമണ്ണിന് മുകളിൽ മെറ്റൽ വിതറാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പത്തനംതിട്ട നഗരസഭാ അഞ്ചാം വാർഡാണിത്. നിരവധി പ്രതിഷേധ സമരങ്ങളടക്കം നടന്നിട്ടും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.