പത്തനംതിട്ട: സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ജില്ലയിലെ ഒരു പഞ്ചായത്തിലും ഇന്നലെയും ദേശീയ പതാക എത്തിയില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇൗ മാസം 10,11 തീയതികളിൽ ദേശീയ പതാക എത്തിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. കുടുംബശ്രീയാണ് പതാകകൾ എത്തിക്കേണ്ടത്. ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളിൽ എത്തിക്കുന്ന പതാകകൾ സ്കൂളുകളിലും വീടുകളിലും വിതരണം ചെയ്യണമെന്നാണ് നിർദേശം.
ഹർ ഘർ തിരംഗയുടെ ഭാഗമായി 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണം. ഇന്ന് രാവിലെയെങ്കിലും എത്തിച്ചാൽ മാത്രമേ സ്കൂളുകളിലും വീടുകളിലും പതാകകൾ വിതരണം ചെയ്യാൻ കഴിയുവെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
ചെന്നീർക്കര പഞ്ചായത്ത് 4500 പതാകകൾക്ക് ഒാർഡർ നൽകിയിരുന്നു. ഇന്നലെ പഞ്ചായത്തിൽ പതാക ലഭിച്ചില്ലെന്ന് പ്രസിഡന്റ് ജോർജ് തോമസ് പറഞ്ഞു. ഇലന്തൂരിൽ 1500 പതാകകൾക്ക് ഒാർഡർ നൽകിയെങ്കിലും ലഭിച്ചില്ല. കൊടുമണ്ണിൽ 4500 പതാകകൾക്ക് ഒാർഡർ നൽകിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ 1,50,040 പതാകകളാണ് കുടുംബശ്രീ യൂണിറ്റുകൾ വിതരണം ചെയ്യേണ്ടത്.
വിവിധ യൂണിറ്റുകളിൽ ദേശീയ പതാകകൾ തയ്യാറാക്കി വരികയാണെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു.
ഉദ്ഘാടനം 13ന്
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഹർ ഘർ തിരംഗയോടനുബന്ധിച്ച് വിദ്യാലയങ്ങളിലേക്കുള്ള ദേശീയ പതാകയുടെ ജില്ലാതല ഒൗദ്യോഗിക വിതരണോദ്ഘാടനം 13ന് ഓമല്ലൂർ മഞ്ഞനിക്കര ജി.എൽ.പി.എസിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിൽ 1,50,040 പതാകകളാണ്
കുടുംബശ്രീ വിതരണം ചെയ്യേണ്ടത്