പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അടൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. ജില്ലാ
പൊലീസ് മോധാവിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ബാങ്കിൽ പരിശോധന നടത്തി.
മുൻ സെക്രട്ടറിയെ മാത്രമാണ് ഇപ്പോൾ പ്രതി ചേർത്തിട്ടുള്ളതെന്നറിയുന്നു. ബാങ്കിൽ 70കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിനു മുന്നിൽ നിക്ഷേപകർ ഇന്നലെയും പ്രതിഷേധിച്ചു. നിരവധി നിക്ഷേപകരാണ് ദിവസവും പണം തിരികെച്ചോദിച്ച് എത്തുന്നത്. എന്നാൽ ആർക്കും പണം നൽകാൻ കഴിയുന്നില്ല. ബാങ്ക് തകർച്ചയെത്തുടർന്ന് നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം താങ്ങാനാകാതെ സി.പി.എം ലോക്കൽ സെക്രട്ടറി സാജു മണിദാസ് കഴിഞ്ഞദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിയാൻ തയാറാണെന്ന് കാണിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പിൽ സാജു കുറിപ്പിട്ടു.ലോക്കൽ കമ്മിറ്റി വിളിച്ചുചേർക്കാൻ കഴിയുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.