sujith
പ്രതി സുജിത്

പത്തനംതിട്ട: മർദ്ദനക്കേസിൽ ഒൻപത് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. കോയിപ്രം പുല്ലാട് കുറവൻകുഴി പേക്കാവുങ്കൽ അരവിന്ദ് (സുജിത്-35) ആണ് അറസ്റ്റിലായത്. ഇയാൾ വീട്ടിലെത്തിയ വിവരമറിഞ്ഞ പൊലീസ് സംഘം ഇന്നലെ രാത്രി പിടികൂടുകയായിരുന്നു. 2013 ജൂലായ് 23നാണ് കേസിന് ആസ്പദമായ സംഭവം. കുറിയന്നൂർ അന്താരിമണ്ണ് സ്വദേശി റിജോ മാത്യുവിനെ ഇയാളും മറ്റൊരു പ്രതിയും കൂടി മർദ്ദിക്കുകയും ആയുധം കൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുറവൻകുഴിയിൽ വച്ച് പ്രതികൾ യാത്ര ചെയ്തുവന്ന മോട്ടോർ സൈക്കിളിന്റെ മുന്നിലൂടെ റിജോ മാത്യുവും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനം ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞു എന്ന് ആരോപിച്ചയിരുന്നു മർദ്ദനം. എസ്.ഐ സുരേഷ് കുമാർ, എ.എസ്. ഐ വിനോദ് കുമാർ, സി.പി.ഒ ശരത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.