ആറന്മുള: തിരുവാറന്മുളയപ്പന്റെ വള്ളസദ്യയുണ്ടും വള്ളപ്പാട്ട് പാടിയും ചലച്ചിത്രതാരവും മുൻ എം.പിയുമായ സുരേഷ് ഗോപി. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷനു വേണ്ടി പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മങ്ങാട്ട് ,പ്രമോദ് മങ്ങാട്ട് എന്നിവർ ഏർപ്പെടുത്തിയ വള്ളസദ്യ വഴിപാട് സ മർപ്പിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. ഇന്നലെ രാവിലെ 9.30ന് ചെറുകോലെത്തിയ അദ്ദേഹത്തെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം പള്ളിയോടപ്പുരയിലെത്തിയ സുരേഷ് ഗോപി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം സ്ഥാപിച്ച മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വഴിപാടുകാർക്കൊപ്പം പള്ളിയോടക്കടവിലെത്തി. പള്ളിയോടത്തിന് വെറ്റ പുകയില നൽകി. ആറന്മുള ക്ഷേത്രക്കടവിലെത്തിയ ചെറുകോൽ പള്ളിയോടക്കരക്കാരെ അഷ്ടമംഗല്യവും വാദ്യഘോഷങ്ങളോടും കൂടി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഭഗവത് കീർത്തനങ്ങൾ പാടി വലംവെച്ചെത്തിയ പള്ളിയോടക്കരക്കാർക്കൊപ്പം നിറപറയ്ക്കു മുന്നിൽ വഞ്ചിപ്പാട്ടിന് താളം പിടിച്ച് സുരേഷ് ഗോപിയും ഒപ്പംകൂടി.

ഫൗണ്ടേഷൻ സെക്രട്ടറി പി. രാജേഷ് കുമാർ ,തിരുവനന്തപുരം ചേമ്പർ ഒഫ് കൊമേഴ്സ് ചെയർമാൻ രഘുചന്ദ്രൻ നായർ ,ഫൗണ്ടേഷൻ ഭാരവാഹികളായ ദിലീപ് മോഹൻ ,ജി.രാജ് മോഹൻ ,സൂര്യകാലടി മന ജയസൂര്യൻ ഭട്ടതിരി എന്നിവരും പങ്കെടുത്തു.

ളാക ഇടയാറന്മുള ,മാരാമൺ ,ഇടശേരിമല , ഉമയാറ്റുകര ,മല്ലപ്പുഴശേരി , വന്മഴി പള്ളിയോടങ്ങളും വള്ളസദ്യ വഴിപാട് സ്വീകരിക്കാൻ എത്തിയിരുന്നു.

മാരാമൺ പള്ളിയോടക്കരക്കാർക്കൊപ്പം പള്ളിയോടത്തിലെ പരമ്പരാഗത വേഷം ധരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരിയും വള്ളസദ്യയിൽ പങ്കെടുത്തു.