പത്തനംതിട്ട: എൽ.ഡി.എഫിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് സി.പിഐ ജില്ലാ സെക്രട്ടറിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട എ.പി.ജയൻ പറഞ്ഞു. പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പരിഹരിക്കപ്പെടേണ്ട അടിസ്ഥാന വിഷയങ്ങൾ ഏറെയുണ്ട്. പട്ടയപ്രശ്നം തന്നെ പ്രധാനം. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ സി.പി.ഐ എല്ലാ സഹായവും ചെയ്യും. സി.പി.എമ്മുമായുള്ളത് ചെറിയ പ്രശ്നങ്ങൾ മാത്രമാണ്. എൽ.ഡി.എഫിന് ഒരു പോറൽ പോലും ഏൽക്കാൻ സി.പി.ഐ അനുവദിക്കില്ല. സി.പി.ഐ മുൻകൈയെടുത്താണ് സംസ്ഥാനത്ത് എൽ.ഡി.എഫ് സംവിധാനമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐയെ ഇപ്പോഴത്തേതിന്റെ ഇരട്ടി വേഗതയിൽ മുന്നോട്ടു നയിക്കും.

ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ പാർട്ടി സമ്മേളനത്തിൽ തഴഞ്ഞിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി എ.പി.ജയൻ പറഞ്ഞു. അവർ പ്രവർത്തിക്കുന്ന ബ്രാഞ്ചിൽ നിന്നാണ് സമ്മേളനങ്ങളിലേക്കു പ്രതിനിധിയായി തിരഞ്ഞെടുക്കേണ്ടത്. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ ശ്രീനാദേവിക്ക് പാർട്ടി വലിയ അംഗീകാരം നൽകിയിട്ടുണ്ട്. പാർട്ടിയിൽ ഉയർന്നുവരാൻ അവർക്ക് ഇനിയും സമയമുണ്ട്. സംസ്ഥാന കൗൺസിലിന് ശ്രീനാദേവി പരാതി കൊടുത്തതിനെപ്പറ്റി അറിയില്ല.

സഹകരണ ബാങ്കുകളിൽ പാവങ്ങളുടെയും കർഷകരുടെയും നിക്ഷേപമാണുള്ളത്. ഫണ്ട് വിനിയോഗത്തിൽ സുതാര്യ പുലർത്തേണ്ടത് ഭരണകക്ഷിയാണ്. മൈലപ്ര ബാങ്കിൽ അന്വേഷണം പൂർത്തിയായ ശേഷം സി.പി.ഐ നിലപാട് പറയും.

അങ്ങാടിക്കലിൽ സി.പി.എം, സി.പി.ഐ സംഘർഷത്തിൽ ചർച്ച നടത്തി പരിഹാരത്തിന് ശ്രമിച്ചു. എന്നാൽ, ധാരണകൾ സി.പി.എം നടപ്പാക്കാത്തതിൽ സി.പി.ഐയ്ക്ക് അതൃപ്തിയുണ്ടെന്ന് ജയൻ പറഞ്ഞു.


അടൂരിൽ സി.പി.എം കാലുവാരിയില്ല

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിൽ സി.പി.എം കാലുവാരിയെന്ന പ്രചരണം ശരിയല്ല. ഒരു കാലത്തും കണ്ടിട്ടില്ലാത്ത ജാതീയതയാണ് യു.ഡി.എഫ് പ്രചരണത്തിലുണ്ടായത്. എല്ലാ ജാതി സംഘടകളെയും പ്രീണിപ്പിക്കാൻ അവർ ശ്രമിച്ചു. ജാതി പറഞ്ഞ് വോട്ട് ചോദിക്കാത്ത എൽ.ഡി.എഫിന് അത് പുതിയ അനുഭവമായിരുന്നു. അത്തരം പ്രചരണങ്ങളെ നേരിടുന്നതിൽ ചില വീഴ്ചകളുണ്ടായെന്ന് എ.പി.ജയൻ പറഞ്ഞു.

മീറ്റ് ദ പ്രസിൽ പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബിജു സംസാരിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.കെ പുരുഷോത്തമൻ പിള്ള, പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ എന്നിവർ പങ്കെടുത്തു.