പത്തനംതിട്ട: എല്ലാവീടുകളിലും പതാക ഉയർത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിന് പിന്തുണ നൽകിയതുപോലെ നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന എല്ലാ ജനക്ഷേമപദ്ധതികളും അതേ മാതൃകയിൽ സംസ്ഥാനത്തും നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തിരംഗയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഗസ്റ്റ് 15 ആപത്ത് 15എന്ന് പറഞ്ഞിരുന്നവർപോലും ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ മുന്നോട്ടുവരുന്നത് വലിയമാറ്റമാണ്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നവേളയിൽ എല്ലാവരും വന്ദേമാതരം മാത്രമല്ല ആർ.എസ്.എസ് പ്രാർത്ഥനയായ നമസ്‌തേ സദാവത്സലേ എന്നും പാടുന്ന കാലം വരും.

സ്വാതന്ത്ര്യസമരസേനാനികളെ ഭേദചിന്തകളില്ലാതെ ആദരിക്കുന്നത് മോദിസർക്കാരാണെന്ന് സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ലാപ്രസിഡന്റ് നിഥിൻ ശിവ അദ്ധ്യക്ഷനായിരുന്നു. യുവമോർച്ച സംസ്ഥാനപ്രസിഡന്റ് പ്രഫുൽകൃഷ്ണ,ബി.ജെ.പി സംസ്ഥാനസെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ,ദക്ഷിണമേഖലാപ്രസിഡന്റ് കെ.സോമൻ, ജില്ലാപ്രസിഡന്റ് വി.എ.സൂരജ്, ജില്ലാജനറൽസെക്രട്ടറി അയിരൂർ പ്രദീപ് എന്നിവർ പ്രസംഗിച്ചു,