 
മല്ലപ്പള്ളി: കോട്ടയം -കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം രാവിലെ നിയന്ത്രണം വിട്ട ടോറസ് ലോറി കടമുറിയിൽ ഇടിച്ച് അപകടം ഉണ്ടായി. എഴുമറ്റൂർ ഭാഗത്തുനിന്ന് പാറ ഉല്പന്നങ്ങളുമായി എത്തിയ ടോറസ് ലോറിയാണ് വാലാങ്കരയ്ക്കും വെണ്ണിക്കുളത്തിനും ഇടയിൽ അപകടത്തിൽപ്പെട്ടത്.പൂവത്തിളപ്പിലെ അടഞ്ഞുകിടന്ന കടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. മല്ലപ്പള്ളി - പുല്ലാട് റോഡിൽ മറ്റ് വാഹനങ്ങൾ എത്താതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ഒരു മാസത്തിനിടയിൽ 500 മീറ്റർ പരിധിയിലെ മൂന്നാമത്തെ അപകടമാണിത്. ആഴ്ചകൾക്ക് മുമ്പ് ഇവിടെ ഓടയിലേയ്ക്ക് ടിപ്പർ ചരിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇതിന് ഒരാഴ്ചയ്ക്ക് മുമ്പ് വെണ്ണിക്കുളത്തിനും വാലാങ്കരയ്ക്കും ഇടയിൽ പിക്കപ്പ് വാൻ മതിൽ തകർത്ത് അപകടത്തിൽപ്പെട്ടിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് കാർ അപകടത്തിൽപ്പെട്ടിരുന്നു. സമീപത്തെ മലങ്കര കത്തോലിക്കാപ്പള്ളിയ്ക്ക് സമീപവും മറ്റൊരുഅപകടം നടന്നിരുന്നു. .വെണ്ണിക്കുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപംജീപ്പും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹനക്കാരനായ റാന്നി സ്വദേശിക്ക് പരിക്കേറ്റിരുന്നു.വെണ്ണിക്കുളം പള്ളിപ്പടിയിൽ സ്വകാര്യബസും ടിപ്പറും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റതും അടുത്തിടെയാണ്.പടുതോട് കവലയിൽ ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായതും സമീപകാലത്താണ് .