wild-elephent-attack
കോന്നി അച്ചൻകോവിൽ വനപാതയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ നവാസും മകൾ നേഹിലയും

കോന്നി: വനപാതയിലൂടെ ഗൂഗിൾ മാപ്പ് നോക്കി ബൈക്കിൽ സഞ്ചരിച്ച പതിനാറുകാരിയെയും അച്ഛനെയും കാട്ടാന ആക്രമിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ ചെന്നിറവില പുത്തൻവീട്ടിൽ നവാസ് ( 52 ), മകൾ നേഹില (16 ) എന്നിവർക്കാണ് പരിക്കേറ്റത്.

അച്ചൻകോവിലിന് 20 കിലോമീറ്റർ മുൻപ് ബുധനാഴ്ച രാത്രി 11.30 നാണ് സംഭവം. നേഹിലയുടെ ജോലി ആവശ്യത്തിനായി അച്ചൻകോവിലിലേക്ക് പോവുകയായിരുന്നു ഇരുവരും. വളവ് തിരിഞ്ഞുചെല്ലുമ്പോൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു.

ബൈക്കിൽ ആന തട്ടിയതോടെ നവാസ് ബൈക്കിനടിയിൽ വീണു. പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി. നവാസിനെ ആക്രമിക്കുകയും ഹെൽമറ്റ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നേഹിലയ്ക്കും പരിക്കേറ്റു. അതുവഴിവന്ന മറ്റ് ബൈക്ക് യാത്രക്കാർ ബഹളംവച്ച് ആനക്കൂട്ടത്തെ അകറ്റുകയായിരുന്നു. തുടർന്ന് ഇരുവരെയും അച്ചൻകോവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.