അടൂർ : അടൂർ, പന്തളം നഗരസഭകളിൽ അമൃത് 2 പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കാലപ്പഴംചെന്ന എ. സി പൈപ്പുകൾ മാറ്റി ഉന്നതനിലവാരത്തിലുള്ള പുതിയ പൈപ്പുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.അടൂർ നഗരസഭയിൽ വാട്ടർ അതോറിറ്റിയുടെ ചിരണിക്കലിലെ ശുദ്ധീകരണ പ്ളാന്റിൽ നിന്ന് 2800 പുതിയ കണക്ഷൻ ഉൾപ്പെടെ ആദ്യഘട്ടത്തിൽ 11.98 കോടിയുടെ ഭരണനാമുതി ലഭിച്ചിട്ടുണ്ട്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും. പന്തളം മുനിസിപ്പാലിറ്റിയിൽ ആദ്യഘട്ടത്തിൽ 14.08 കോടി രൂപയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ഇതോടെ അടൂർ, പന്തളം നഗരസഭകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുവാൻ കഴിയും.