rahul
രാഹുൽ മനോജ്

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പാ നിയമ പ്രകാരം അറസ്റ്റുചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ കൊയിലാണ്ടി രാഹുൽ (രാഹുൽ മനോജ്-25), അടൂർ പറക്കോട് ഇജാസ് മൻസിലിൽ ഇജാസ് റഷീദ് ( 23) എന്നിവരെയാണ് ജയിലിലടച്ചത്. തിരുവല്ല , കീഴ്‌വായ്പ്പൂർ, പുളിക്കീഴ്, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, മാരകയുധം, സ്ത്രീകളെ ഉപദ്രവിക്കൽ, കഞ്ചാവ് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് രാഹുൽ.
അടൂർ, പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില, കഞ്ചാവ് ഉല്പന്നങ്ങൾ വിപണനം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇജാസ്. വധശ്രമ കേസിൽ മൂന്ന് മാസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കഴിഞ്ഞ പത്തൊൻപതിന് ഇജാസിന്റെയും കൂട്ടാളികളുടെയും കഞ്ചാവ് വില്പന തടയാൻ ശ്രമിച്ച പറക്കോട് എക്‌സൈസ് അസി. ഇൻസ്‌പെക്ടറെ, ദേഹോപദ്രവം ഏൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചതോടെ ഒളിവിൽ പോയിരുന്നു.