ബാഗിലുണ്ടായിരുന്നത് രണ്ടര ലക്ഷം വിലമതിക്കുന്ന സാധനങ്ങൾ

ചെങ്ങന്നൂർ: തിരുവനന്തപുരത്ത് നിന്നുവന്ന വഞ്ചിനാട് എക്‌സ്പ്രസിൽ മറന്നുവച്ച ബാഗിൽ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ആർ.പി.എഫ്. ഉദ്യോഗസ്ഥർ ബാഗ് ഉടമയ്ക്കു കൈമാറി. ബുധനാഴ്ച രാത്രി 8.30നു തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലെത്തിയ വഞ്ചിനാട് എക്സ്പ്രസിലാണ് ചെങ്ങന്നൂർ ആർ.പി.എഫ്. ഉദ്യോഗസ്ഥർ എസ്‌കോർട്ട് ഡ്യൂട്ടിക്കു കയറിയത്. അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായായിരുന്നു ഡ്യൂട്ടി. ട്രെയിൻ കോട്ടയം വിട്ട ശേഷമാണ് റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ നിന്ന് ബാഗ് കണ്ടെത്തിയത്. തുറന്നുനോക്കിയപ്പോൾ പണത്തിന് പുറമേ നാല് ചെക്ക് ബുക്കുകൾ, ഫോൺ, മറ്റ് വിലപിടിപ്പുള്ള രേഖകൾ എന്നിവ കണ്ടെത്തി. ഉടൻ വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. ഈ സമയം കോട്ടയത്ത് ട്രെയിനിറങ്ങിയ വാഴൂർ സ്വദേശി സോമി തോമസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ തന്റെ ബാഗ് നഷ്ടപ്പെട്ട വിവരമറിയിക്കാനെത്തിയിരുന്നു. കുടുംബവുമൊത്ത് യാത്ര ചെയ്തു ട്രെയിനിറങ്ങി വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്.ഇന്നലെ രാവിലെ ചെങ്ങന്നൂർ റെയിൽവേ ആർ.പി.എഫ്. സ്റ്റേഷനിലെത്തിയ സോമിയും ഭാര്യ ജോസ്മിയും ബാഗ് കൈപ്പറ്റി. ആർ.പി.എഫ്. സി.ഐ. എ.പി. വേണു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആർ. ഗിരികുമാർ എന്നിവരാണ് ബാഗ് കണ്ടെത്തിയത്.