ചെങ്ങന്നൂർ: അയൺ ആൻഡ് സ്റ്റീൽ, സ്‌ക്രാപ്പ് മേഖലയിൽ സ്റ്റേറ്റ് ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം (ആലപ്പുഴ സ്‌ക്വാഡ് നമ്പർ 2 ) തൃശൂർ കേന്ദ്രമാക്കി നടത്തിയ പരിശോധനയിൽ 67.96 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. ആറു മാസമായി അഞ്ചു ജില്ലകളിലായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൃശൂർ ജില്ലയിലെ ആറിടത്തും ആലപ്പുഴ ജില്ലയിലെ രണ്ടിടത്തും കൊല്ലം ജില്ലയിലെ ഒരിടത്തും ഒരേസമയമായിരുന്നു പരിശോധന. മൂന്ന് സ്ഥാപനങ്ങൾ ചരക്ക് കൈമാറ്റം നടത്താതെ ബിൽ ട്രേഡിംഗ് മാത്രം നടത്തി ഇൻപുട്ട് ടാക്സ് വെട്ടിപ്പ് നടത്തിവരികയായിരുന്നു.
ജോയിന്റ് കമ്മിഷണർ (എൻഫോഴ്സ്‌മെന്റ് ) കെ. സുരേഷ്, ജോയിന്റ് കമ്മിഷണർ (ഇന്റലിജൻസ്) കിരൺ ലാൽ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം. ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) വി. അജിത്തിന്റെ മേൽനോട്ടത്തിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ ജെ. ഉദയകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ആർ. പ്രമോദ്, ഡി. രാജേഷ്., പി.എൻ. ഷബ്ന, എസ്. സുപ്രിയ, ആർ. രേണു, ജീവനക്കാരായ വി.എ. ബിനിമോൻ, എസ്. ശ്യാംകുമാർ, എസ്. ഷിജു എന്നിവരടങ്ങിയ സംഘമാണ് , പരിശോധന നടത്തിയത്. തൃശൂർ ജില്ലയിലെ ഇന്റലിജൻസ് വിഭാഗവും ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്‌ക്വാഡ് അംഗങ്ങളും പങ്കെടുത്തു.