പ്രമാടം : തകർന്ന് തരിപ്പണമായ മറൂർ- വട്ടക്കുളഞ്ഞി റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കണമെന്ന അവസ്ഥയിലാണ് യാത്രക്കാർ. ഒരുകുഴിയിൽ നിന്നും പടുകുഴിയിലേക്ക് ചാടുന്ന അവസ്ഥയിലുള്ള റോഡിൽ അപകടങ്ങളും നിത്യസംഭവമാണ്. കാൽനട യാത്രയും വാഹന ഗതാഗതവും ഒരുപോലെ ദുരിതമായ റോഡിൽ ടാറിംഗ് ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം ഇടങ്ങളും മെറ്റൽ ഇളകി കുണ്ടും കുഴിയുമായ നിലയിലാണ്. തകർന്നു കിടക്കുന്ന ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രമാടം പഞ്ചായത്ത് ഒന്നാം വാർഡിലെ പ്രധാന റോഡാണിത്. പത്തനംതിട്ട നഗരത്തിൽ നിന്ന് വലഞ്ചുഴി ദേവീക്ഷേത്രം, വട്ടക്കുളഞ്ഞി, കുമ്പഴ, പ്രമാടം , കോന്നി , ളാക്കൂർ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചരാൻ കഴിയുന്ന റോഡാണിത്. പൂങ്കാവ് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന് പത്തനംതിട്ട - പൂങ്കാവ് - കോന്നി റോഡിൽ മറൂർ ഭാഗത്ത് വെള്ളം കറയുമ്പോഴും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
...............
പ്രമാടം പഞ്ചായത്ത് ഒന്നാം വാർഡിലെ പ്രധാന റോഡ്
..............
നിരവധി വാഹനങ്ങൾ ദൈനംദനം കടന്നു പോകുന്ന ഈ റോഡ് പുന:രുദ്ധാരണം നടത്തി ആധുനിക വത്കരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. അപകടക്കെണിയായിരിക്കുന്ന റോഡ് അടിയന്തിരമായി
ഗതാഗത യോഗ്യമാക്കണം.
(നാട്ടുകാർ)