
പത്തനംതിട്ട : തൈക്കാവ് ഗവ. സ്കൂളിനുള്ളിൽക്കൂടി യാത്ര ചെയ്യുന്നത് ഒഴിവാക്കി ഗേറ്റ് സ്ഥാപിക്കണമെന്ന ബാലവകാശ കമ്മിഷന്റെ ഉത്തരവ് രണ്ട് മാസം പിന്നിട്ടിട്ടും നടപ്പായില്ല. സ്കൂൾ വളപ്പിൽക്കൂടി പൊതുവഴിപോലെയാണ് സഞ്ചാരം നടക്കുന്നത്. കഴിഞ്ഞ മേയിൽ ഇതിനെതിരെ 15 ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. ജൂണിൽ സ്കൂൾ തുറന്നിട്ടും ഇതിന് പരിഹാരമായില്ല. ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നിർദേശം. മുമ്പ് നിരവധിപേർ പരാതികളുമായി രംഗത്തുവന്നെങ്കിലും ഇതുവരെ അധികാരികൾ യാതൊരു നടപടിയും എടുത്തിട്ടില്ല.യാതൊരു നിയന്ത്രണവുമില്ലാതെയാണ് തൈക്കാവ് സ്‌കൂളിനകത്തുകൂടി യാത്രക്കാർ സഞ്ചരിക്കുന്നത്.
വലിയ വാഹനങ്ങൾ സ്‌കൂളിനകത്തുകൂടി കടന്നുപോകുന്നതിനാൽ സ്‌കൂളിന്റെ പിറകിൽ വലിയ വെള്ളക്കെട്ടുമുണ്ട്. മഴ പെയ്താൽ ഇതുവഴി പോകാൻ ബുദ്ധിമുട്ടാണ്. ചെറിയ കുട്ടികളുടെ ക്ലാസിനടുത്താണ് വെള്ളക്കെട്ടുള്ളത്. സാമൂഹിക വിരുദ്ധരുടെ ശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. മുമ്പ് കഞ്ചാവ് സംഘങ്ങളെ ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. സ്‌കൂളിന് ഇരുവശവും ഗേറ്റ് സ്ഥാപിച്ച് പൂട്ടണമെന്നാണ് കമ്മിഷൻ നിർദേശം. പത്തനംതിട്ട നഗരസഭാ സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി എഴുപതിനായിരം രൂപയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്.
ബാലവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല
മഴ കാരണമാണ് തൈക്കാവ് സ്കൂളിന്റെ ഗേറ്റിന്റെ പണി താമസിക്കുന്നത്. അടുത്തയാഴ്ച പണി തുടങ്ങും. ടെൻഡർ നടപടികളടക്കം പൂർത്തിയാകാനുണ്ടായിരുന്നു. ഇപ്പോൾ നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
നഗരസഭാ അധികൃതർ
"