gandhi

പന്തളം: 1934 മാർച്ച് 20, പന്തളത്തുകാർ പ്രത്യേകിച്ച് ചേരിക്കൽ നിവാസികൾ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന സുദിനം. രാഷ്ട്രപിതാവായ ഗാന്ധിജിയെ അടുത്തറിഞ്ഞ ദിനം. ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾ സജീവ പങ്കാളിത്തം വഹിച്ചിരുന്ന ഗാന്ധിജി ചേരിക്കൽ എത്തിയതോടെ അദ്ധ്വാനികളായ അധസ്ഥിത വിഭാഗങ്ങളിൽ വലിയ മാറ്റം സൃഷ്ടിച്ചു. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ വളരെയധികം പിന്നാക്ക അവസ്ഥയിലായിരുന്ന ജനങ്ങൾക്ക് ഗാന്ധിജിയുടെ വരവും പ്രസംഗവും പുത്തൻ ഉണർവേകി. പഠിക്കണമെന്നും അറിവ് നേടണം എന്നുള്ള ആവേശത്തിന്റെ ഫലമായി ശ്രദ്ധാനന്ദ വിലാസം ലോവർ പ്രൈമറി സ്‌കൂൾ തുടങ്ങി. ഈ സ്‌കൂളിന് തുടക്കം കുറിച്ചുകൊണ്ട് തറക്കല്ലിട്ടതും ഗാന്ധിജിയായിരുന്നു. ഗാന്ധിയുടെ ചേരിക്കൽ സന്ദർശനത്തിന് വഴിയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായ എം.എൻ.ഗോവിന്ദൻ നായരായിരുന്നു.

ചെങ്ങന്നൂരിൽ നിന്ന് അടൂരിലേക്കായിരുന്നു ഗാന്ധിജിയുടെ യാത്ര നിശ്ചയിച്ചിരുന്നത്. ഇതറിഞ്ഞ എം.എൻ.ഗോവിന്ദൻ നായർ, ഹരിജനോദ്ധാരണ സമിതി സംസ്ഥാനഅദ്ധ്യക്ഷൻ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെ ബന്ധപ്പെടുകയും യാത്ര പന്തളത്തേക്കാക്കുകയുമായിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായി എം.എൻ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.