1
ഗവ: ആയുർവ്വേദ ആശുപത്രിക്കായി കീഴ് വായ്പൂരിൽ നിർമ്മിച്ച കെട്ടിടം

മല്ലപ്പള്ളി: നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും ചികിത്സ ഇല്ലാതെ തെ ആയുർവേദ ആശുപത്രി. മല്ലപ്പള്ളി പഞ്ചായത്ത് പരിധിയിൽ കീഴ് വായ്പൂര് ഗവ.ആയുർവേദ ആശുപത്രിയാണ് 2020 ഓഗസ്റ്റ് മാസം 26ന് ഉദ്ഘാടനം നടത്തിയത്. തിരുവല്ല നിയോജക മണ്ഡലം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.40 കോടി മുടക്കി രണ്ട് നിലകളിലായി കെട്ടിട നിർമ്മാണം പൂർത്തിയാക്കിട്ട് രണ്ട് വർഷം പൂർത്തിയാകുന്നു. ആധുനീക സൗകര്യളോടെയുള്ള മന്ദിരത്തിൽ 20 കിടക്കകളും, പഞ്ചകർമ്മ തീയറ്റർ, തിരുമ്മ്, ഉഴിച്ചിൽ അനുബന്ധ സൗകര്യങ്ങൾ, പരിശോധന മുറി, നേഴ്സ് ഡ്യൂട്ടി മുറി, സ്റ്റാർ, ഫാർമസി , ഡൈനിംഗ് ഹാൾ, രോഗിക്കൾക്ക് ഇരിക്കുന്നതിനുള്ള സ്ഥലം, 12 ശുചിമുറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 7,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഇക്കഴിഞ്ഞ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് 26ന് വായ്പൂര് കെ.എസ്.ഇബി സെക്ഷനിൽ ഓഫീസിൽ 48, 592 രൂപ അടച്ചിരുന്നു. ഏപ്രിൽ 21ന് വൈദ്യുതി കണക്ഷനും ലഭിച്ചു. എന്നിട്ടും പ്രവർത്തനം തുടങ്ങാത്തതിലെ തടസം എന്താണെന്നാണ് നാട്ടുകാരുടെ സംശയം. കിടത്തി ചികിത്സ ഉൾപ്പെടെ ആശുപത്രിയുടെ പ്രവർത്തനം ഉടൻ ലഭ്യമാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയ്ക്ക് ഇതോടെ പഞ്ചായത്ത് പൂട്ടിട്ടിരിക്കുകയാണ്.

അഞ്ചുനിലകളിയായി കെട്ടിടം

വിവിധ ഘട്ടത്തിലായി അഞ്ചു നിലകളിൽ നിർമ്മാണം പൂർത്തിയാക്കാവുന്ന തരത്തിലാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാം നിലയിലെ തന്നെ തുടർ ഭാഗങ്ങൾ പൂർത്തിയായാൽ 30 കിടക്കകളുള്ള ജില്ലയിലെ തന്നെ മികച്ച ആശുപത്രിയായി മാറും. മൂന്ന് നിലകളുടെ നിർമ്മാണ പ്രവർത്തിക്കായി ആയുഷ് വകുപ്പിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് നേരത്തെ തന്നെ സമർപ്പിച്ചിട്ടുമുണ്ട്.

- എം.എൽ.എ ഫണ്ടിനിന്ന് 1.40 കോടി മുടക്കിയ കെട്ടിടം

-ഉദ്ഘാടനം നടത്തിയത് 2020ൽ