പന്തളം:പന്തളം നഗരസഭാ ഭരണസമിതിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച അനുരഞ്ജന ചർച്ചയിൽ നിന്ന് വിട്ടുനിന്ന നഗരസഭ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള 11 കൗൺസിലർമാർക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡെപ്യൂട്ടി ചെയർപേഴ്‌സൺ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പടെയുള്ളവർക്കാണ് നോട്ടീസ്. കഴിഞ്ഞ അഞ്ചിന് ബി.ജെ.പി വിളിച്ചുകൂട്ടിയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുവാൻ ആർ.എസ്.എസിന്റെ ഒരു വിഭാഗം ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ബി.ജെ.പി പാർലമെന്റ് പാർട്ടി ലീഡർ കെ. വി പ്രഭയും നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷു തമ്മിലുള്ള തർക്കത്തെക്കുറിച്ചുള്ള വീഡിയോ പുറത്തായതിനെ തുടർന്നാണ് നഗരസഭയിൽ ബി.ജെ.പി ഇരുവിഭാഗമായി തിരിഞ്ഞത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ടയിൽ വച്ചാണ് അനുരഞ്ജനത്തിന് പാർട്ടി കൗൺസിലർമാരുടെ യോഗം വിളിച്ചത്. പാർലമെന്റ് പാർട്ടി ലീഡർ കെ .വി പ്രഭ, ബി.ജെ.പി ഏരിയ പ്രസിഡന്റും കൗൺസിലറുമായ സൂര്യ. എസ്. നായർ എന്നിവരുൾപ്പടെ ഏഴുപേർ യോഗത്തിൽ പങ്കെടുത്തു. നേരത്തെ നഗരസഭയിലെ പ്രശ്നങ്ങൾ സംസ്ഥാന ജില്ലാ കമ്മിറ്റികൾക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടും ഗൗരവമായെടുക്കാതിരുന്നതാണ് കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് കാരണമെന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലർമാർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുത്ത പത്തനംതിട്ടയിലെ പരിപാടിയിൽ നിന്നും ഇവർ വിട്ടുനിന്നിരുന്നു. അന്ന് ഇവർ മുൻ എം.പി സുരേഷ് ഗോപിയുടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചത് വിവാദമായി.