 
തിരുവല്ല : നാടിനെയാകെ ആവേശത്തിമിർപ്പിലാക്കി ജില്ലയിലെ ആദ്യ ചുണ്ടൻ വള്ളമെന്ന ഖ്യാതിയുമായി നിരണം ചുണ്ടൻ ചിങ്ങം ഒന്നിന് നീരണിയും. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്റെ നീരണിയൽ ചടങ്ങ് 17ന് രാവിലെ 9.30നും 10.15നും മദ്ധ്യേ ശിൽപി കോയിൽ മുക്ക് ഉമാ മഹേശ്വരൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിൽ നടക്കും. 168 ദിവസങ്ങൾ കൊണ്ടാണ് 128 അടി നീളമുളള വള്ളത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിയന്മാരും 85 തുഴക്കാരുമാണ് ചുണ്ടനെ നയിക്കുക. നിരണം ബോട്ട് ക്ലബ്ബാണ് വള്ളത്തിന്റെ തുഴച്ചിൽക്കാർ. 5000 രൂപ മുതൽ 5 ലക്ഷം വരെയുള്ള അഞ്ഞൂറോളം ഓഹരിയുടമകളിൽ നിന്നാണ് വള്ള നിർമ്മാണത്തിനായി ധനസമാഹരണം നടത്തിയത്. പുന്നമടക്കായലിൽ അടുത്തമാസം നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യ മത്സരത്തിനിറങ്ങുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മികച്ച തുഴച്ചിൽക്കാരെ കണ്ടെത്തി പരിശീലനം തുടരുകയാണ്.
17ന് നടക്കുന്ന നീരണിയൽ ചടങ്ങിൽ ആന്റോ ആന്റണി എം.പി, ചലച്ചിത്ര സംവിധായകൻ ബ്ലസി, ചലച്ചിത്ര താരം ലാലു അലക്സ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് വള്ളസമിതി ഭാരവാഹികളായ റെജി അടിവാക്കൽ, റോബി തോമസ്, അജിൽ പുരയ്ക്കൽ, ജോബി ആലപ്പാട്, ജോബി ഡാനിയൽ, റെന്നി തേവേരിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.