 
ഗുരുദേവൻ നടപ്പിലാക്കിയത് സനാതന ധർമ്മത്തിൽ
അധിഷ്ഠിതമായ സാമൂഹ്യ നവോത്ഥാനം: ചിത്ര എസ്. അയ്യർ
ചെങ്ങന്നൂർ: സാനാതന ധർമ്മത്തിൽ അധിഷ്ഠിതമായ സാമൂഹ്യ നവോത്ഥാനമാണ് ശ്രീനാരായണ ഗുരുദേവൻ നടപ്പിലാക്കിയതെന്ന് പിന്നണി ഗായിക ചിത്ര എസ്. അയ്യർ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിലെ 71-ാം നമ്പർ ആലാ ശാഖയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഒന്നാമത് ആലാ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മതമാത്സര്യങ്ങൾ വെടിഞ്ഞ് മനുഷ്യൻ ഒന്നാകണമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. അപരിഷ്കൃതമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സമൂഹത്തെ സാംസ്ക്കാരിക ഉന്നതിയിലേക്കാണ് അദ്ദേഹം നയിച്ചതെന്നും ചിത്രാ അയ്യർ പറഞ്ഞു.
യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണം നടത്തി. ശാഖയ്ക്ക് കൺവെൻഷൻ ഗ്രാന്റ് കൈമാറി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ നിർവഹിച്ചു.
കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. , യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, ബി.ജയപ്രകാശ് തൊട്ടാവാടി, അനിൽ കണ്ണാടി , ഡോ. കപിൽ എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ സ്വാഗതവും ശാഖാ സെക്രട്ടറി പി.ഡി.വാസുദേവൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ ധർമ്മവും കുടുംബ ഭദ്രതയും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി. കെ.ആർ.ഗോകുലേശൻ സ്വാഗതം പറഞ്ഞു.
ഇന്ന് രാവിലെ 10ന് ഗുരുവിന്റെ ഈശ്വരീയ സങ്കൽപ്പം എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി.യോഗം കൗൺസിലർ ഷീബ ടീച്ചർ പ്രഭാഷണം നടത്തും. വേണു കടുമ്പിശ്ശേരിൽ സ്വാഗതം പറയും. വൈകിട്ട് 3.30 ന് ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തും. ചന്ദ്രൻ കരിപ്പാന്തോട്ടത്തിൽ സ്വാഗതം പറയും. സമാപനദിവസമായ നാളെ രാവിലെ 10ന് മൃതസഞ്ജീവനിയായ ഗുരുദേവകൃതികൾ എന്ന വിഷയത്തിൽ ആശാ പ്രദീപ് പ്രഭാഷണം നടത്തും. പ്രദീപ് നല്ലേത്ത് സ്വാഗതം പറയും. ഉച്ചകഴിഞ്ഞ് 2.30 ന് മനഃശക്തിയിലൂടെ ജീവിത വിജയം എന്ന വിഷയത്തിൽ കൊച്ചി മൈൻഡ് വിഷൻ ഡയറക്ടർ ഡോ.മുരളീ മോഹൻ പ്രഭാഷണം നടത്തും. പ്രസന്നൻ മണപ്പുഞ്ചയിൽ സ്വാഗതം പറയും.
കൺവെൻഷന്റെ ഭാഗമായി ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, വിശ്വശാന്തിഹവനം, ദേവിപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി ഉൾപ്പെടെയുള്ള വിശേഷാൽ പൂജകൾ എന്നിവ ആരംഭിച്ചു.
കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ദിവസവും ഉച്ചയ്ക്കും വൈകിട്ടും അന്നദാനവും നൽകുന്നുണ്ട്.