വള്ളിക്കോട്: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 10ലക്ഷത്തിൽ കൂടുതൽ തുകയുടെ അഴിമതി നടന്നതായി ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ ആരോപിച്ചു. സി.ഡി.എസിലെ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ട കുടുംബശ്രീ അംഗങ്ങൾ അഞ്ചുരൂപ വീതം നൽകുന്ന സ്‌നേഹനിധി ഫണ്ടിലാണ് തിരിമറി. ഈ ഫണ്ടിൽ നിന്ന് സാധുക്കൾക്ക് കൊടുക്കുന്ന പതിനായിരം രൂപ വീതമുള്ള ഫണ്ട്, പതിനായിരം രൂപയുടെ രസീത് എഴുതിയ ശേഷം പകുതി പണമാണ് കൊടുത്തത്. ബാലസഭ കുട്ടികളുടെ സർക്കാർ ഫണ്ട് 20000 ചെലവാക്കിയിട്ട് 40000 രൂപയുടെ കണക്കെഴുതി. ബാലസഭ കുട്ടികളുടെ സ്‌പോർട്‌സ് ഗുഡ്‌സ് വാങ്ങിയതിലും ഓഫീസിൽ ക്യാബിൻ തിരിച്ചതിലും അഴിമതി നടന്നു. ക്യാബിൻ നിർമ്മാണത്തിന് 50,000 രൂപ കണക്കാക്കിയിരുന്നതാണ്. ചെലവാക്കിയത് രണ്ടുലക്ഷം രൂപ. അഴിമതിയെക്കുറിച്ച് കുടുംബശ്രീയിലും എ.ഡി.എസിലും ചർച്ചകൾ നടക്കുകയാണ്. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും കൃത്യമായി മിനിട്സ് എഴുതാൻ തയാറാകാത്തതിലും പ്രതിഷേധിച്ച് യു.ഡി.ഫ് അംഗങ്ങൾ സി.ഡി.എസ് കമ്മിറ്റി ബഹിഷ്‌കരിച്ചു.

........................

'' സി.ഡി.എസ് അക്കൗണ്ടുകൾ പരിശോധിക്കുന്നത് പഞ്ചായത്തല്ല. കുടുംബശ്രീയുടെ ഒാഡിറ്റ് വിഭാഗമാണ്. പരിശോധനയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഒാഡിറ്റ് വിഭാഗം പഞ്ചായത്തിനെ അറിയിച്ചിട്ടുളളത്.

മോഹനൻ നായർ

(വള്ളിക്കോട്

പഞ്ചായത്ത് പ്രസിഡന്റ്)​