rajan
മരിച്ച കെ.ഡി. രാജൻ

തിരുവല്ല: ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിക്ക് കൊണ്ടുപോയ തിരുവല്ല പടിഞ്ഞാറേ വെൺപാല പുത്തൻതുണ്ടിയിൽ വീട്ടിൽ കെ.ഡി. രാജനാണ് (67) ഞായറാഴ്ച രാത്രി 12ന് മരിച്ചത്.

പത്തനംതിട്ട ജില്ലാമെഡിക്കൽ ഓഫീസർ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മന്ത്രി വീണാജോർജും ഡി.എം.ഒയോട് റിപ്പോർട്ട് തേടി. ശ്വാസംമുട്ടലിനെ തുടർന്ന് രാത്രി പതിനൊന്നരയ്‌ക്കാണ് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡ്യൂട്ടി ഡോക്ടർ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർചെയ്‌തു. അവിടേക്കുള്ള യാത്രക്കിടെ ഓക്സിജൻ കിട്ടാതെ രാജൻ ആംബുലൻസിൽ മരിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. പുറപ്പെട്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോൾത്തന്നെ ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിരുന്ന രാജന് ശ്വാസതടസമുണ്ടായി. ഓക്സിജൻ ലഭിക്കുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകൻ ഗിരീഷിനോട് രാജൻ പറഞ്ഞിരുന്നു. വിവരം ഡ്രൈവറെ അറിയിച്ചെങ്കിലും ആംബുലൻസ് നിറുത്തിയില്ല. തുടർന്ന് തകഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും മെഡിക്കൽകോളേജിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും രാജൻ മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു.

രാജന്റെ സംസ്കാരം നടത്തി. ഭാര്യ: പരേതയായ രമ. മക്കൾ: രതീഷ്, ഗിരീഷ്, രാജി. മരുമക്കൾ: ചിന്ത, രജിത, അനൂപ്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

 വീഴ്ചയില്ലെന്ന് സൂപ്രണ്ട്

സംഭവത്തിൽ വീഴ്ചയില്ലെന്നും ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് രോ​ഗിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ പറഞ്ഞു. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞനിലയിലായിരുന്ന രാജന്റെ അവസ്ഥ ഗുരുതരമായിരുന്നു.