കോന്നി: കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ ഉണ്ടായ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അപാകതകൾ ചൂണ്ടിക്കാട്ടി കെ.യു.ജനീഷ് കുമാർ എം.എൽ.എ മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നല്കി. പലതവണ യോഗം ചേർന്നും, നേരിട്ട് സ്ഥലത്തെത്തിയും റോഡ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കാതിരുന്ന കരാർ കമ്പനിയും ഉദ്യോഗസ്ഥരുമാണ് അപകടത്തിന്റെ ഉത്തരവാദികളെന്നും എം.എൽ.എ മന്ത്രിയോട് പറഞ്ഞു. മന്ത്രി പൊതു മരാമത്ത് വിജിലൻസ് വിഭാഗത്തിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി ഉത്തരവിട്ടത്. മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട് എത്തി റോഡ് പരിശോധിച്ചു.