ചെങ്ങന്നൂർ: സ്വാതന്ത്ര്യദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട യാത്രക്കാരിയെ അതേ ബസിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അടിയന്തര വൈദ്യസഹായം നൽകി വിട്ടയച്ചു. തിങ്കളാഴ്ച വൈകിട്ട് 4.20ന് കോട്ടയത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട ആർ.എൻ.കെ. 64 ബസ് തിരുവല്ല തിരുമൂലപുരം പിന്നിട്ടപ്പോഴാണ് യാത്രക്കാരിക്ക് ശ്വാസതടസമുണ്ടായത്. മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഇവർ ഡ്യൂട്ടിക്കായി ചെങ്ങന്നൂരിലേക്കു വരികയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ കണ്ടക്ടർ ജി.ജെ. ജോയലിനെ വിവരമറിയിച്ചു. ഡ്രൈവർ എ.ജി. അരുൺകുമാർ ബസ് കല്ലിശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെത്തിച്ച് ചികിത്സ നൽകി.