പന്തളം: 168-ാമതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ശാഖാ യോഗ തലത്തിൽ വിപുലമായി ആഘോഷിക്കുവാൻ പന്തളം എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്ത് കൂടിയ ശാഖാ ഭാരവാഹി സംയുക്ത യോഗം തീരുമാനിച്ചു. ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് എല്ലാ ഗുരുക്ഷേത്രങ്ങളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും പീത പതാകകൾ ഉയർത്തുവാനും അലങ്കരിക്കുവാനും തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഇന്ന് രാവിലെ 8.30 ന് പന്തളം യൂണിയൻ ആസ്ഥാന മന്ദിരത്തിന് മുൻപിൽ
യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പതാക ഉയർത്തി ജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും . യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് റ്റി.കെ വാസവൻ പതാകദിന സന്ദേശം നൽകും. കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.