 
മല്ലപ്പള്ളി : ക്വോറമില്ലാത്തതിന് തുടർന്ന് മാറ്റിവച്ച എഴുമറ്റൂർപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഘടക കക്ഷിയായ 10 -ാം വാർഡംഗം കേരളാ കോൺഗ്രസ് (എം) ലെ ജിജി പി.ഏബ്രാഹാമിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റും ഒന്നാം വാർഡ് അംഗവുമായ ശോഭാ മാത്യു ഉൾപ്പെടെ 7 എൽ.ഡി.എഫ് അംഗങ്ങൾ എത്തിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രസിഡന്റ് തിരഞ്ഞടുപ്പ് പൂർത്തിയായി.യു.ഡി.എഫും ,എൻ.ഡി.എയും തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 7 യു.ഡി.എഫ് 5 എൻ.ഡി.എ 2എന്നതാണ് കക്ഷിനില. പി.ഡബ്ല്യു.ഡി ബ്രിഡ്ജസ്അസിസ്റ്റന്റ് എൻജിനീയർ എ.സുഭാഷ് വർണാധികാരിയായിരുന്നു. എൽ.ഡി.എഫിലെ ധാരണ പ്രകാരം ആദ്യത്തെ ഒന്നര വർഷം സി.പി.എമ്മിനും,പിന്നീടുള്ള രണ്ട് വർഷം കേരള കോൺഗ്രസ് (എം)നും അവസാന ഒന്നര വർഷം വീണ്ടും സി.പി.എമ്മിനുമാണ് വീതം ചെയ്തിട്ടുള്ളത്.