1
പടുതോട് - രാമൻമുറിപ്പടി - ബി എ എം കോളേജ് റോഡിലേയ്ക്ക് മാർഗതടസമായി ചാഞ്ഞുകിടക്കുന്ന മുളങ്കൂട്ടം

മല്ലപ്പള്ളി : പടുതോട് - രാമൻമുറിപ്പടി- ബി.എ.എം കോളേജ് റോഡിൽ പടുതോട് വലിയ പാലത്തിന് സമീപത്തെ മുളങ്കൂട്ടം വാഹന യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കല്ലൂപ്പാറ പഞ്ചായത്തിലെ തുരുത്തിക്കാട് ബി.എ.എം കോളേജിൽ എത്തുന്നതിനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. വീശിയടിക്കുന്ന കാറ്റിൽ മുളങ്കൂട്ടങ്ങൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. പ്രളയം തടയുന്നതിനായി നദീതീരത്ത് സംരക്ഷണഭിത്തിയ്ക്ക് പകരമായി നട്ടുവളത്തിയവയാണ് ഇതിൽ ഭൂരിഭാഗവും. മൂന്ന് മീറ്ററിൽ താഴെ വീതിയുള്ള റോഡിൽ മുളങ്കൂട്ടങ്ങൾ ചാഞ്ഞു കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. അടുത്തകാലത്ത് ജില്ലാ പഞ്ചായത്ത് 2018 - 19ൽ അനുവദിച്ച 20 ലക്ഷം രൂപയുടെ റോഡ് കോൺക്രിറ്റിംഗ് പൂർത്തിയായെങ്കിലും മുളങ്കൂട്ടങ്ങൾ മൂലം ഉണ്ടാകുന്ന മാർഗതടസം ഒഴിവാക്കുന്നതിന് നടപടിയായില്ല. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യം.