
തെങ്ങമം : കൃഷിയിടത്തിൽ നിറപറയും നിലവിളക്കും ഒരുക്കി, തോരണം ചാർത്തി അലങ്കരിച്ച് വിളവെടുത്തും വിളവിറക്കിയും കർഷക ദിനം ആഘോഷമാക്കി വനിതാകർഷകരുടെ വിളവെടുപ്പ് ഉത്സവം. തെങ്ങമം രാജേഷ് ഭവനത്തിൽ സരസമ്മ, സഹോദരി രാജമ്മ, രാധാഭവനത്തിൽ രാധമ്മ എന്നിവരാണ് കൃഷിയിടത്തിൽ തന്നെ കർഷകദിനത്തെ അവിസ്മരണീയമാക്കിയത്. ആദ്യവിളവ് ഏറ്റുവാങ്ങിയും അടുത്ത വർഷത്തേക്കുള്ള വിളവിറക്കിയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആശംസകൾ നേർന്നു. കോൺക്രീറ്റ് ഹാളിനുള്ളിൽ ക്ഷണിക്കപ്പെട്ട സദസിനുമുന്നിലെ ഉച്ചത്തിലുള്ള പ്രസംഗങ്ങളിൽ മാത്രം കർഷകദിനം ഒതുങ്ങുമ്പോൾ കൃഷിയിടത്തിലെ ഈ ആഘോഷം വ്യത്യസ്തവും മാതൃകയാണെന്നും കർഷകദിനാചരണം കൃഷിയിടങ്ങളിലേക്ക് ഔദ്യോഗികമായി തന്നെ മാറണമെന്നും ചിറ്റയം പറഞ്ഞു. അഞ്ചേക്കർ സ്ഥലത്ത് നെൽകൃഷിയും രണ്ടേക്കർ സ്ഥലത്ത് കപ്പയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് ജില്ലയിൽ മികച്ച കർഷകയ്ക്കുള്ള മൂന്നാംസ്ഥാനം നേടിയിട്ടുണ്ട് സരസമ്മ. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, പഞ്ചായത്തംഗങ്ങളായ വിനേഷ്.വി, ജി.പ്രമോദ്, സി.പി.എം തെങ്ങമം ലോക്കൽ സെക്രട്ടറി സി.ആർ.ദിൻരാജ്, സി.ഡി.എസ് അംഗം കെ.വാവാച്ചി എന്നിവർ സംസാരിച്ചു.