പത്തനംതിട്ട: റാന്നി മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ കൊടിമരം സ്ഥാപിക്കാൻ തഹസീൽദാർ ചുമതലപ്പെടുത്തിയ താലൂക്ക് ഓഫീസ് ജീവനക്കാരനെ ഭരണാനുകൂല സംഘടനാ നേതാവ് അസഭ്യം പറഞ്ഞ് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഘടനാ നേതാവുമായി കൂടിയാലോചന നടത്താതെ കൊടിമരം സ്ഥാപിച്ചതിനായിരുന്നു ഭീഷണി. സംഭവത്തിൽ എൻ.ജി.ഒ സംഘ് പ്രതിഷേധിച്ചു. റാന്നി താലൂക്ക് ഓഫീസിനു മുൻപിൽ നടന്ന യോഗം സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. അനീഷ്, വൈസ് പ്രസിഡന്റ് പി.ആർ. രമേശ്, ട്രഷറർ എം.രാജേഷ്, ജോ.സെക്രട്ടറി ഡി. ദിജിൻ, ബ്രാഞ്ച് പ്രസിഡന്റ് വി.എസ്. രാജേഷ് , സെക്രട്ടറി എസ്.ഷാജി എന്നിവർ പ്രസംഗിച്ചു.