ചെങ്ങന്നൂർ: ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷൻ-എൻജിനീയറിംഗ് കോളജ് റോഡ് നവീകരണം നഗരസഭയുടെ അധിനതയിലുള്ള വസ്തുവിൽ തട്ടി നിലച്ചതിൽ പ്രതിഷേധവുമായി സി.പി.എം. രംഗത്ത്. നവീകരണം തടസപ്പെടുത്തിയ ചെങ്ങന്നൂർ നഗരസഭയുടെ വികസന വിരുദ്ധ നിലപാട് പിൻവലിക്കണമെന്നാണ് സി.പി.എം. ആവശ്യപ്പെടുന്നത്. സജി ചെറിയാൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് അനുവദിച്ച 55 ലക്ഷത്തിൽ 27 ലക്ഷം രൂപയുടെ നവീകരണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേ റോഡിനിരുവശമുള്ള വസ്തു ഉടമകളായ സ്വകാര്യ വ്യക്തികൾ ഒൻപതു സെന്റ് സ്ഥലം സൗജന്യമായാണ് വിട്ടുനൽകിയത്. നിലവിലെ വിലനിലവാരം അനുസരിച്ച് ഏകദേശം രണ്ടര കോടി രൂപയോളം വിലമതിക്കും. ഇനി നഗരസഭയുടെ രണ്ടുസെന്റ് സ്ഥലം കൂടി കിട്ടിയാലേ നവീകരണം പൂർത്തിയാകൂ. വിഷയത്തിൽ നാളെ സി.പി.എം. ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. വൈകിട്ട് 5ന് നന്ദാവനം ജംഗ്ഷനിൽ സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്യും.