അടൂർ : പതിനഞ്ചു വർഷമായി കേരളത്തിൽ മുടങ്ങി കിടക്കുന്ന കർഷക മാമാങ്കമായ മരമടി, കന്നുപൂട്ട് ഉത്സവങ്ങൾ നടത്തുന്നതിനുള്ള തടസങ്ങൾ ഇല്ലാതാക്കുന്നതിനായി മുൻ കേരള മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് പൂഴ്ത്തിതിനെതിരെ ആനന്ദപ്പള്ളി കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം പ്രതിഷേധ ദിനമായി ആചരിച്ചു . കഴിഞ്ഞ സർക്കാർ സമയത്തെ മന്ത്രിസഭയുടെ അവസാന യോഗ തീരുമാനങ്ങളുടെ അവലോകനത്തിൽ മുഖ്യമന്ത്രി പ്രസ്താവിച്ച മരമടി - കാളപൂട്ട് ഓർഡിനൻസിന്റ തുടർനടപടികൾ ബോധപൂർവം തടഞ്ഞവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആനന്ദപ്പള്ളി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ റിട്ട.അനിമൽ ഹസ്ബൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി സി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കർഷക സമിതി പ്രസിഡന്റ് വർഗീസ് ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ആനന്ദപ്പള്ളി സുരേന്ദ്രൻ വികെ സ്റ്റാൻലി, വി.എസ് ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.