പത്തനംതിട്ട : ജില്ലയിൽ വിജിലൻസിന്റെ ഓപ്പറേഷൻ സരൾ രാസ്ത പ്രകാരം മൂന്ന് റോഡിൽ പരിശോധന നടത്തി. അടൂരിൽ മണ്ണടി റോഡും ഇ.വി റോഡും തിരുവല്ലയിൽ തിരുമൂലപുരം - കറ്റോട് റോഡുമാണ് പരിശോധിച്ചത്. ആറുമാസത്തിനിടെ നിർമ്മാണമോ അറ്റകുറ്റപ്പണിയോ നടത്തിയതും തകർച്ചയിലായതുമായ റോഡുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് സംഘം നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ സരൾ രാസ്ത.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടുകയും തകർച്ചയിലായ ഭാഗങ്ങളിലെ സാമ്പിളുകൾ പരിശോധനയ്‌ക്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലയിലെ റോഡിൽ പരിശോധന നടത്തിയെങ്കിലും തകർച്ചയുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. കിഫ്ബി പദ്ധതിയിലുൾപ്പെട്ട റോഡ് അടക്കം ഇതിൽപ്പെടും. സംസ്ഥാനത്തെ പി.ഡബ്യൂ.ഡി , തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകൾ പണിയുന്നതുമായ കാരറുകാരും ഉദ്യോഗസ്ഥരും ചേർന്ന് ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ അന്തിമമായിട്ടില്ലെന്നും വിജിലൻസ് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഇതുവരെ റോഡുകളിലെ ക്രമക്കേടുകൾ റിപ്പോർട്ടു ചെയ്തതായി അറിവില്ലെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.