 
തിരുവല്ല: ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നഗര ഗ്രാമവീഥികൾ നയനാനന്ദകരമാക്കി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകളാണ് മിഥിലാപുരിയിലെ സ്മരണകൾ ഉണർത്തിയത്. പുരാണ കഥാപാത്രങ്ങളുടെ നിശ്ചല ദൃശ്യങ്ങളും മഹാശോഭായാത്രയിൽ അണിനിരന്നു. പ്രധാന കേന്ദ്രങ്ങളിൽ ഉറിയടിയും ഉണ്ടായിരുന്നു. മുപ്പതോളം ശോഭായാത്രകളാണ് തിരുവല്ലയിൽ നടന്നത്. കാവുംഭാഗം ഏറങ്കാവ് ക്ഷേത്രത്തിൽ മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കടയാന്ത്ര, പള്ളിയറത്തളം, പൊടിയാടി, കല്ലുങ്കൽ, മണിപ്പുഴ എന്നീ ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ നെടുമ്പ്രത്തു നിന്നാരംഭിച്ചു. പെരിങ്ങരയിൽ നിന്നും ആലംതുരുത്തിയിൽ നിന്നും കാവുംഭാഗത്ത് നിന്നും വെൺപാല, തുകലശേരി, പാലിയേക്കര, മതിൽഭാഗം, കിഴക്കുംമുറി, ഇരുവെള്ളിപ്ര എന്നീ ഗോകുലങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ കാവുംഭാഗം ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി തിരുവല്ല ദീപാ ജംഗ്ഷനിൽ എത്തിച്ചേർന്നു. മന്നംകരച്ചിറ, മുത്തൂർ, കുറ്റപ്പുഴ എന്നീ ബാലഗോകുലങ്ങളിൽ നിന്നും മീന്തലക്കര, കോട്ടത്തോട്, ആമല്ലൂർ എന്നീ ബാലഗോകുലങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകളും മഹാശോഭായാത്രയിൽ അണിചേർന്നു. ശ്രീവല്ലഭ ക്ഷേത്രത്തിൽ സമാപിച്ചു. ശ്രീവല്ലഭേശ്വര അന്നദാനസമിതിയുടെ പ്രസാദവിതരണവും ഉണ്ടായിരുന്നു.