19-sobhayathra-muttar1
പന്തളം മുട്ടാറിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ നിന്ന്

പന്തളം: ഭക്തിയും വിശ്വാസവും വിളിച്ചോതി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധ ഹിന്ദു സംഘടനകൾ പന്തളത്ത് ജന്മാഷ്ടമി ആഘോഷിച്ചു. മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രത്തിൽ ബാലഗോകുലം സംസ്ഥാന സമിതിയംഗം വി.ജെ.രാജഗോപാൽ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു.
കൃഷ്ണവേഷമണിഞ്ഞ കുട്ടികളുടെ ഉറിയടിയ്ക്കു ശേഷം മഹാശോഭായാത്ര ആരംഭിച്ചു. പാട്ടുപുരക്കാവ് നവരാത്രി മണ്ഡപം സരസ്വതീക്ഷേത്രത്തിൽ സമാപിച്ചു.
കുരമ്പാലയിൽ മഹാശോഭായാത്ര പത്തേത്ത് ശ്രീഭുവനേശ്വരി ക്ഷേത്ര(കളരി)ത്തിൽ നിന്നാരംഭിച്ച് പുത്തൻകാവിൽദേവീക്ഷേത്രത്തിൽ സമാപിച്ചു. ബാലഗോകുലം ജില്ലാ ട്രഷറർ എൻ.ആർ.ശ്രീനിവാസൻ ഗോകുല പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പൂഴിക്കാട് പടിഞ്ഞാറു നിന്നുള്ള ശോഭായാത്ര കൊട്ടയ്ക്കാട്ട് കളരിയിൽ നിന്ന് പൂഴിക്കാട് കിഴക്കു നിന്നുള്ള ശോഭായാത്ര പൂഴിക്കാട് വഞ്ചിമുക്കിൽ നിന്നുമാരംഭിച്ചു ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സമാപിച്ചു.

കുളനടയിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ശോഭായാത്ര കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സംഗമിച്ചു, കുളനട കവല വഴി കുളനട ദേവീക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഉറിയടിയും പ്രസാദ വിതരണവും നടത്തി.

ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വീഥികളെ അമ്പാടിയാക്കിയപ്പോൾ അലയടിച്ചുയർന്ന ശ്രീകൃഷ്ണസ്തുതികൾ ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി. ശ്രീകൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയുള്ള വിവിധ വേഷങ്ങളും ഉണ്ണിക്കണ്ണന്മാരും ആഘോഷം ഭക്തിസാന്ദ്രമാക്കി. മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, പൂത്താലമേന്തിയ ബാലികമാർ, നാടൻകലാരൂപങ്ങൾ, ഗോകുലധ്വജം എന്നിവയും ശോഭായാത്രകൾക്ക് വർണ്ണപ്പകിട്ടേകി. എല്ലായിടങ്ങളിലും ഉറിയടിയും പ്രസാദ വിതരണവും നടന്നു. അമ്മമാരും കുട്ടികളും അടക്കം ആയിരങ്ങളാണ് വിവിധ സ്ഥലങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുത്തത്.