ചെങ്ങന്നൂർ: ഉണ്ണിക്കണ്ണന്മാർ അണിനിരന്നു. ഗ്രാമനഗര വീഥികൾ അമ്പാടിയായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മഹാശോഭായാത്രകൾ നടത്തി. ജില്ലയിൽ 700 ലധികം ശോഭാ യാത്രകളും 100 കേന്ദ്രങ്ങളിൽ മഹാശോഭായാത്രകളും നടന്നു. ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര ചാരുംമൂട് ,കായംകുളം ഹരിപ്പാട്, കാർത്തികപ്പള്ളി താലൂക്കുകളിലായി പതിനായിരത്തോളം കുരുന്നുകളാണ് ശോഭായാത്രയ്ക്ക് എത്തിയത്. 2000 കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആരംഭിച്ച പരിപാടിയിൽ നദീ വന്ദനം, ഗോപൂജ, വൃക്ഷപൂജ എന്നിവ നടന്നു. തിരുവൻവണ്ടൂർ, മഴുക്കീർ, ഇരമല്ലിക്കര, വനവാതുക്കര എന്നിവിടങ്ങളിലെ ശോഭയാത്ര തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ സംഗമിച്ചു. ഗ്രാമവീഥികളെ അമ്പാടിയാക്കി ബാലന്മാർ കൃഷ്ണനായും,ഗോപികമാരായും വേഷമിട്ടു. നിശ്ചലദൃശൃങ്ങളും, പുരാണ വേഷങ്ങളും ശോഭായാത്രയ്ക്ക് കൊഴുപ്പേകി. ബാലഗോകുലം സംസ്ഥാനനിർവാഹക സമിതി അംഗം എസ്. ശ്രീകുമാർ ,മേഖലാ ഖജാൻജി കെ. ജി. വിനോദ്, ജില്ലാ ഉപാദ്ധ്യക്ഷൻ എൻ. മധു, ജില്ലാ സഹ കാര്യദർശി എ. കെ. അഖിൽകുമാർ, ജില്ലാ സഹ ഭഗിനി പ്രമുഖ് എസ്. ഉമ, താലൂക്ക് അദ്ധ്യക്ഷ സൗമ്യ, താലൂക്ക് കാര്യദർശി വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി.