പ്രമാടം : ശ്രീകൃഷ്ണസൂക്തങ്ങൾ അലയടിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഗ്രാമവീഥികളെ അമ്പാടിയാക്കിമാറ്റി കടന്നുപോയ ശോഭായാത്രകൾ ദൃശ്യവിരുന്നായി. ഒരു ഇടവേളയ്ക്ക് ശേഷം അമ്പാടിക്കണ്ണൻമാരും ഗോപികമാരും യശോധയും വസുദേവരും പുരാണകഥാപാത്രങ്ങളുമൊക്കെ നിറഞ്ഞ ശോഭായാത്ര കാണാൻ ഗ്രാമവീഥികളുടെ ഇരുവശങ്ങളിലും ജനംകാത്തുനി​ന്നു. ആലിലക്കണ്ണൻ മുതൽ വില്ലാളിവീരനായ ശ്രീകൃഷ്ണൻ വരെ ഘോഷയാത്രകളുടെ ഭാഗമായി. പ്രമാടം മറൂരിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ജില്ലാ സ്റ്റേഡി​യത്തിൽ സംഗമിച്ച ശേഷം സംയുക്തമായി പത്തനംതിട്ട ധർമ്മശാസ്‌താക്ഷേത്രത്തിൽ സമാപിച്ചു.

വെട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടമിരോഹിണി വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിച്ചത്. ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രം, വലഞ്ചുഴി ദേവീക്ഷേത്രം , മല്ലശേരി കീച്ചേരി ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പുളിമുക്കിൽ സംഗമിച്ച ശേഷം മഹാശോഭായാത്രയായി ഈട്ടിമൂട്ടിൽപടി, ഐ.ടി.സി പടി വഴി വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.

പ്രമാടം അമ്പല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ശോഭായാത്ര പൊക്കിട്ടാറപടി, വാഴമുട്ടം വഴി വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. താഴൂർ ഭഗവതിക്ഷേത്രത്തിൽ ശോഭായാത്ര സംഗമം ഉണ്ടായിരുന്നു. ശോഭായാത്രകൾക്ക് ശേഷം ഉറിയടി, അവിൽ പൊതിവിതരണം, ഉണ്ണിയപ്പ വിതരണം, വിശേഷാൽ ദീപാരാധന, അവതാരപൂജകൾ എന്നിവയും ഉണ്ടായിരുന്നു.