 
കോന്നി: അട്ടച്ചാക്കൽ മല്ലേലിൽ പത്തലുകുത്തി റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നവീകരണ പ്രവർത്തികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് പരാതി. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ അട്ടച്ചാക്കൽ ശാന്തി ജംഗ്ഷനിൽ നിന്ന് കോന്നി തണ്ണിത്തോട് റോഡിലെ പയ്യന്നാമൺ പത്തലുകുത്തിയിലെത്തി ചേരുന്ന പഞ്ചായത്ത് റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും 10ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. റോഡിലെ മല്ലേലിഭാഗം മുതൽ പത്തലുകുത്തി വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. ഈ റൂട്ടിൽ ബസ് സർവീസില്ലാത്തതിനാൽ നാട്ടുകാർ കൂടുതലും ഓട്ടോറിക്ഷകളേയും, ഇരുചക വാഹനങ്ങളേയുമാണ് ആശ്രയിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഇരു ചക്രവാഹനങ്ങൾ അപകത്തിൽ പെടുന്നതും പതിവാണ്. മഴ പെയ്യുമ്പോൾ റോഡിൽ വെള്ളക്കെട്ടും ഉണ്ടാവുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തഭാഗങ്ങൾ പൊട്ടിപൊളിഞ്ഞ് മണ്ണ് തെളിഞ്ഞു. അട്ടച്ചാക്കൽ, കൊല്ലത്ത്മണ്ണ്, കണ്ണൻമല, തുളസികല്ല്, തേക്കുമല, ചെമ്മാനി,നാടുകാണി, കിഴക്കുപുറം, ഈസ്റ്റ്മുക്ക്,ആഞ്ഞിലുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പയ്യന്നാമൺ, കൊന്നപ്പാറ, അതുബുംകുളം, തണ്ണിത്തോട് പ്രദേശങ്ങളിലേക്ക് വേഗത്തിലെത്താൻ ഈ റോഡിനെയാണശ്രയിക്കുന്നത്. അതുബുംകുളം, കൊന്നപ്പാറ, അടുകാട്, താവളപ്പാറ, പയ്യന്നാമൺ, മച്ചിക്കാട്, പെരിഞ്ഞൊട്ടയ്ക്കൽ, ആമക്കുന്ന്, കുപ്പക്കര, അടവിക്കുഴി, തേക്കുമല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വേഗത്തിൽ അട്ടച്ചാക്കൽ, കിഴക്കുപുറം, ആഞ്ഞിലുകുന്ന് ഭാഗങ്ങളിലേക്ക് പോകാനും ഈ റോഡിനെയാണ് ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളടക്കം നിരവധി പേർ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
..................
റോഡിന്റെ നവീകരണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്‌തെങ്കിലും ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല
(ഉദയകുമാർ ഹരിത
പൊതു പ്രവർത്തകൻ)
10 ലക്ഷം അനുവദിച്ചിട്ടും നിർമ്മാണമില്ല