തിരുവല്ല: അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലെ മോട്ടോർ തറകളിൽ നിന്നും പമ്പുസെറ്റും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ര മൂന്നാം കുരിശ് മണപ്പുറം വീട്ടിൽ സൂരജ് (34) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. ചേന്നങ്കരി പാടശേഖര സെക്രട്ടറി പുളിക്കീഴ് സി.ഐയ്ക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇത്തരത്തിൽ മുമ്പും നിരവധി മോഷണങ്ങൾ നടത്തിയിരുന്നതായി സൂരജ് പൊലീസിന് മൊഴിനൽകി. മോഷണ മുതലുകൾ ആക്രിക്കടകളിൽ വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.