മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് 2019 - 20 പദ്ധതി വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി കൊവിഡ് സബ്സെന്ററിലേക്കും, പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്കായി കൈ കഴുകുന്നതിനായി വാട്ടർ ടാങ്കും സ്റ്റാന്റും അടക്കം 26 ലക്ഷം രൂപയുടെ സാധനങ്ങൾ നശിക്കുന്നു.ഇതിൽ ജീവനക്കാരുടെയും രോഗികൾക്കായുള്ള ഭക്ഷണത്തിന്റെയും തുക ഒഴിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എഴുമറ്റൂർ പഞ്ചായത്തിൽ രണ്ട് കൊവിഡ് സെന്ററുകൾ പ്രവർത്തിച്ചിരുന്നു. പി.ആർ.ഡി തടിയൂരും, വെണ്ണിക്കുളം ബഥനി സ്കൂളും ഇവിടങ്ങളിലേയ്ക്ക് വാങ്ങിയ 7.80000 രൂപയുടെ കിടക്ക ഉപകരണങ്ങളും പ്ലാസ്റ്റിക്ക് അടക്കമുള്ള പാത്രങ്ങളും , ക്ലീനിംഗിന് ആവശ്യമായ ഉൽപ്പന്നങ്ങളും അടക്കമുള്ളവയാണ് പഞ്ചായത്തിന് മുകളിൽത്തെ നിലയിൽ വലിച്ചെറിയപ്പെട്ട നിലയിലുള്ളത്. ഇവ വൃത്തിയായി സൂക്ഷിക്കുന്നതിനോ,ചാരിറ്റി സൊസൈറ്റികൾക്കോ പാവപ്പെട്ട അംഗങ്ങൾക്കോ വിതരണം ചെയ്യാനോ അധികൃതർ കൂട്ടാക്കുന്നില്ല. സെന്ററിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷം പിന്നിടുമ്പോഴും ആക്രി സാധനങ്ങളുടെ സമീപത്തായാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. കൂടാതെ അഞ്ചുപൊതു സ്ഥലങ്ങളിലായി ലക്ഷങ്ങൾ മുടക്കി വെള്ളം സംഭരിക്കുന്നതിനുള്ള ടാങ്കുകളും ഇത് ഉയർത്തി വയ്ക്കുന്നതിനായുള്ള ഇരുമ്പു പൈപ്പിൽ നിർമ്മിച്ച സ്റ്റാന്റും ടാപ്പുകളും തുരുമ്പെടുത്തും കാടുകയറിയും ഫ്ലക്സ് ബോർഡുകളാൽ അലങ്കരിച്ച നിലയിലുമാണ്. ഇവ നീക്കം ചെയ്യുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനോ തുടർനടപടികൾ ഉണ്ടായിട്ടില്ല.കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഇവ നിർമ്മിച്ചതെങ്കിലും തുടർ ഭരണസമിതി യാതൊരു നടപടിയും എടുത്തിട്ടില്ല.
.........................................
ജില്ലാ അധികാരികളുടെ ഭാഗത്തു നിന്നും ഉത്തരവുകൾ ലഭിക്കാത്തതിനാലാണ് തുടർനടപടികൾ തടസം നേരിടുന്നത്.കമ്മിറ്റി തീരുമാനപ്രകാരം 5 പൊതുസ്ഥലങ്ങളിൽ സ്ഥാപിതമായിട്ടുള്ള ടാങ്കുകളും അനുബന്ധ വസ്തുക്കളും ഉടൻനീക്കം ചെയ്യുകയും കൊവിഡ് സബ് സെന്റെറിലേക്ക് വാങ്ങിയ ഉൽപ്പന്നങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യും.
ജിജി പി.ഏബ്രഹാം
പ്രസിഡന്റ് എഴുമറ്റൂർ
പഞ്ചായത്ത്