അടൂർ: മാതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ച മകനെ തലയ്ക്ക് വെട്ടി പരിക്കേല്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വടക്കടത്തുകാവ് വൈശാഖം വീട്ടിൽ രാജേഷ് കുമാർ (47) നെ വെട്ടി പരിക്കേല്പിച്ച കേസിലാണ് പിതാവ് തങ്കപ്പൻ നായരെ (75) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് പരിക്കേറ്റ രാജേഷ് കുമാർ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12 ന് മാതാവ് രാധാമണിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. കല്ലുപ്പാറയിലെ ഭാര്യ വീട്ടിൽ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ വീട്ടിൽ എത്തി മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ രാജേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.