പന്തളം : ബി.ജെ.പി പാർലമെന്റ് പാർട്ടി ലീഡർ ഉൾപ്പെടെ ആറുപേരും യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാരും വിട്ടുനിന്നതോടെ പന്തളം നഗരസഭാകൗൺസിൽ യോഗം കൂടാനായില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് യോഗം വിളിച്ചു കൂട്ടിയത്. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിക്കുന്നത് ചോദ്യംചെയ്ത് യു.ഡി.എഫും, എൽ.ഡി.എഫും ബഹളം ആരംഭിച്ചു. അസഭ്യം പറഞ്ഞ ചെയർപേഴ്‌സണെ മാറ്റി വൈസ് ചെയർപേഴ്‌സന്റെ അദ്ധ്യക്ഷതയിൽ യോഗം കൂടണമെന്ന് ആവശ്യപ്പെട്ടു. ഇത് ഗൗനിക്കാതെ യോഗ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. കോറം തികയാത്തതിനാൽ യോഗം ചേരാനായില്ല. നഗരസഭാ ചെയർപേഴ്‌സണും ബി.ജെ.പി പാർലമെന്റ് പാർട്ടി ലീഡർ കെ. വി പ്രഭയും തമ്മിൽ നടന്ന വാക്കേറ്റത്തിന് ശേഷം കൂടിയ കൗൺസിൽ യോഗമായിരുന്നു ഇന്നലെ. ബി.ജെ.പി കൗൺസിലർമാരായ സൂര്യ എസ്. നായർ, ശ്രീലേഖ ,മഞ്ജുഷ സുമേഷ്, കോമളവല്ലി ,അച്ചൻകുഞ്ഞ് ജോൺ, എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. വിവാദ വീഡിയോ ചിത്രീകരിച്ച കൗൺസിലർ കിഷോർ കുമാർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. യു.ഡി.എഫ് പാർലമെന്റ് പാർട്ടി ലീഡർ കെ .ആർ വിജയകുമാറിന്റെയും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായരുടെയും നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ ബഹിഷ്കരണം.