തിരുവല്ല: ബാസ്‌ക്കറ്റ് ബോൾ സീനിയർ വിഭാഗത്തിനായുള്ള ജില്ലാ ലീഗ് മത്സരങ്ങളുടെ പുരുഷവിഭാഗം ഫൈനലിൽ പൊലീസിന്റെയും കെ.എസ്‌ഇ.ബി.യുടെയും താരങ്ങൾ നിറഞ്ഞ യംഗ്‌സ്റ്റേഴ്‌സ് കുറിയന്നൂർ ചാമ്പ്യൻമാരായി. ക്രൈസ്റ്റ് ക്ലബ് തിരുവല്ലയെ (37-33)നാണ് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ചിറയറമ്പ് (41-15)ന് ലേഡീസ് ക്ലബ് കുറിയന്നൂരിനെ പരാജയപ്പെടുത്തി. നേരത്തെ നടന്ന പുരുഷ വിഭാഗം സെമിയിൽ ക്രൈസ്റ്റ് തിരുവല്ല, ടൗൺ ക്ലബ് കുറിയന്നൂരിനെ (52-36)ന് തോൽപ്പിച്ചപ്പോൾ യംഗ്‌സ്റ്റേഴ്‌സ് കുറിയനൂർ (54-30)ന് തിരുവല്ല ബാസ്‌ക്കറ്റ്‌ബോൾ ക്ലബിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. പുരുഷവിഭാഗം ക്വാർട്ടർ ഫൈനലിൽ ടി.ബി.സി (38-19)ന് ടൗൺ ക്ലബ് അടൂരിനെ തോൽപ്പിച്ചപ്പോൾ ക്രൈസ്റ്റ് (44-31)ന് കാതോലിക്കേറ്റ് പത്തനംതിട്ടയെ പരാജയപ്പെടുത്തി.