indu-kannan
indu kannan

തിരുവല്ല: വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര - സംസ്ഥാന സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പൊലീസിന്റെ പിടിയിലായി. തിരുവല്ല തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടിൽ താഴ്ചയിൽ വീട്ടിൽ ഇന്ദു കണ്ണൻ (39) ആണ് ഇന്നലെ ഉച്ചയോടെ ചങ്ങനാശേരിയിൽ നിന്നും പിടിയിലായത്. ലക്ഷങ്ങളുടെ മുദ്ര ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തും ഇവർ നിരവധി പേരിൽനിന്നും പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. 15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 2.35 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവല്ല സ്വദേശിനി സുനിതകുമാരി തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇന്ദു പിടിയിലായതറിഞ്ഞ് ഇവരുടെ തട്ടിപ്പിന് ഇരയായ നാല് ചങ്ങനാശേരി സ്വദേശികൾ വൈകിട്ടോടെ പരാതിയുമായി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമായി മാത്രം പത്തോളം പേരെ ഇന്ദു കബളിപ്പിച്ചതായി ഇവർ പറഞ്ഞു. തിരുമൂലപുരം, വെൺപാല, കുറ്റൂർ പ്രദേശങ്ങളിൽ നിന്നും നിരവധിപേർ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ദുവിനെതിരെ കൂടുതൽപേർ പരാതിയുമായി എത്തുമെന്നും തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സി.ഐ പി.എസ് വിനോദ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.