thum
തുമ്പമൺ നോർത്ത് എൽ.പി സ്കൂളിന് സമീപം തള്ളിയ മാലിന്യം തെരുവ് നായകൾ റോഡിലേക്ക് വലിച്ചിട്ട നിലയിൽ

ഇലവുംതിട്ട: സ്കൂൾ പരിസരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. രൂക്ഷ ഗന്ധം വമിക്കുന്നതിനാൽ കുട്ടികൾ മൂക്കു പൊത്തിയാണ് സ്കൂളിലെത്തുന്നത്. തുമ്പമൺ നോർത്ത് എൽ.പി സ്കൂളിന് സമീപത്താണ് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. രാമൻചിറയ്ക്കും ഞാവലിക്കോടിനും ഇടയ്ക്കുള്ള സ്കൂൾ പരിസരം ആളൊഴിഞ്ഞ ഇടമാണ്. വഴിവിളക്കില്ലാതെ ഇരുൾ മൂടിയ ഇവിടെ രാത്രികാലങ്ങളിലാണ് മാലിന്യം കൊണ്ടിടുന്നത്. പ്രധാന റോഡിലും സ്കൂൾ വളപ്പിലുമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വലിച്ചെറിയപ്പെട്ട കെട്ടുകളിൽ നിന്ന് ഉയർന്ന ദുർഗന്ധം കുട്ടികളിൽ അസ്വസ്ഥതകൾ ഉണ്ടാക്കി. മനുഷ്യ വിസർജ്യവും മാംസാവശിഷ്ടവും വരെ ഉൾപ്പെട്ട കെട്ടുകൾ തെരുവ് നായ്ക്കൾ കടിച്ച് വലിച്ചിടുന്നുണ്ട്. ഇത് വഴിയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പഞ്ചായത്തംഗം കഴിഞ്ഞ രണ്ട് ദിവസം സ്വന്തം ചെലവിൽ മാലിന്യം നീക്കം ചെയ്തു. സ്കൂൾ വളപ്പിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യം നടക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഇരുക്രവാഹനങ്ങളിലും കാറുകളിലും വരുന്ന ആൾക്കാർ ചുറ്റുവളപ്പിലെ ഇരുളിടങ്ങളിൽ മണിക്കൂറുകൾ ചെലവിടുന്നുണ്ട്. പൊലീസ് ജാഗ്രത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.