 
തിരുവല്ല: നഗരത്തിൽ ഒരാഴ്ചയിലേറെയായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. തിരുവല്ല -കായംകുളം സംസ്ഥാനപാതയിൽ കച്ചേരിപ്പടിക്ക് സമീപമാണ് പൈപ്പ് പൊട്ടി കുടിവെള്ളം കെട്ടിക്കിടക്കുന്നത്. റവന്യു ടവർ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിലാണ് ചോർച്ച. റവന്യു ടവർ റോഡിൽ പൊട്ടിയ പൈപ്പിലെ വെള്ളം ഒഴുകിയെത്തുന്നത് തിരക്കേറിയ സംസ്ഥാന പാതയിലേക്കാണ്. അടുത്തിടെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് ചെയ്തു പൂർത്തിയാക്കിയ റോഡിലാണ് ഇതുകാരണം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയിലേറെയായി കുടിവെള്ളം പൊട്ടിയൊഴുകി സംസ്ഥാന പാതയിലാകെ വെള്ളം കെട്ടിക്കിടന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെളളം വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ മേൽ തെറിച്ച് വീഴുന്നതും പതിവായിരിക്കുകയാണ്. പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും പൈപ്പിലെ ചോർച്ച പരിഹരിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് റോഡിലാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. അതിനാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുമരാമത്ത് അധികൃതരുടെ അനുമതി ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചതായും ജല അതോറിറ്റി അധികൃതർ പറഞ്ഞു.