പ്രമാടം : അച്ചൻകോവിലാറിന് കുറുകെ പ്രമാടം - മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് നടപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇത് നാട്ടുകാരുടെ സ്വപ്നമായി ഇന്നും അവശേഷിക്കുകയാണ്. മലയാലപ്പുഴ പഞ്ചായത്തിലുള്ളവർ കോന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസിലുമൊക്കെ എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. യാത്രാ ക്ളേശം പരിഹരിക്കാൻ വെട്ടൂർക്കടവിൽ നിന്നും തേവരുകടവിലേക്ക് നേരത്തെ തടയണ നിർമ്മിച്ചിരുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്ന് കിടക്കുന്ന സമയങ്ങളിൽ അക്കരെയിക്കര യാത്ര ചെയ്യാൻ ഇത് സഹായകരമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ പ്രളയത്തിൽ തടയണ തകർന്നു. കല്ലുകൾ ഇളകി കിടക്കുന്നതിനാൽ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശനത്തിന് പോകുന്നവർക്കും ഇത് ഉപകാരപ്രദമായിരുന്നു. ഇവിടം കേന്ദ്രീകരിച്ച് നടപ്പാലം വേണമെന്നാണ് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. തടയണകൂടി തകർന്നതോടെ യാത്രാദുരിതം ഇരട്ടിയായിരിക്കുകയാണ്.

പ്രമാടം, മലയാലപ്പുഴ പഞ്ചായത്തുകൾക്ക് പ്രയോജനം

വെട്ടൂർ കേന്ദ്രീകരിച്ച് നടപ്പാലം വന്നാൽ പ്രമാടം പഞ്ചായത്തിലെ അഞ്ചാം വാർഡുകാർക്കും മലയാലപ്പുഴ പഞ്ചായത്തിലെ എട്ടാം വാർഡ് നിവാസികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാരും ജനപ്രതിനിധികളും നിരവധി നിവേദനങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

................

മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, കിഴക്കുപുറം, വെട്ടൂർ, വടക്കുപുറം പ്രദേശങ്ങളിലുള്ളവർ കോന്നിയിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. നടപ്പാലം നിർമ്മിച്ചാൽ രണ്ട് പഞ്ചായത്തുകളിലുള്ളവർക്കും പോക്കുവരവ് എളുപ്പമാകും

(നാട്ടുകാ‌ർ)

.............

-പ്രളയത്തിൽ തടയണ തകർന്നു

-യാത്രാ ദുരിതം ഇരട്ടിയായി.

- പരാതി നൽകിയിട്ടും നടപടിയില്ല