ചെങ്ങന്നൂർ: വെണ്മണിയിൽ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയുടെ സമാപനത്തിനിടയിൽ ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് മണ്ഡൽ സഹ ആഘോഷ പ്രമുഖിന് മർദ്ദനമേറ്റ സംഭവത്തിൽ വെണ്മണി പൊലീസ് കേസെടുത്തു. ചെറിയനാട് കൊച്ചുതാംപള്ളിൽ രതീഷ് കുമാറിനാണ് (38) മർദ്ദനമേറ്റത്. രതീഷിന്റെ അച്ഛൻ മോഹനൻ പിള്ളയ്ക്കും പരിക്കേറ്റു. ആഘോഷ പ്രമുഖ് ചെറുവല്ലൂർ ചെമ്പരത്തിയിൽ എം. മിഥുൻ , സഹോദരൻ എം. ജിതിൻ, അച്ഛൻ മധുക്കുട്ടൻ പിള്ള എന്നിവർക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ചെറിയനാട് ചെറുവല്ലൂർ ക്ഷേത്ര ജംഗ്ഷനിലായിരുന്നു സംഘർഷം. മിഥുനും രതീഷും തമ്മിൽ സംഘടനയുടെ ഭാരവാഹിത്വം സംബന്ധിച്ച് നേരത്തെ വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി രാത്രി മധുക്കുട്ടൻ പിള്ളയും മിഥുനും ജിതിനും ചേർന്ന് ജംഗ്ഷന് സമീപം പലചരക്ക് കട നടത്തുന്ന മോഹനൻ പിള്ളയെ കടയിൽ കയറി ആക്രമിച്ചു. മർദ്ദനമേറ്റ മോഹനൻ പിള്ള ബോധം നഷ്ടപ്പെട്ട് നിലത്തു വീണു. ഇതു കണ്ട് ഓടി വന്ന രതീഷിനെ മൂവരും ചേർന്ന് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. രതീഷിന്റെ വിരലുകൾക്ക് നാലു തുന്നലുണ്ട്.