 
കോന്നി: മെഡിക്കൽ കോളേജിലെ അക്കാഡമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്തംബറിൽ നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിലെ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അദ്ധ്യയന വർഷത്തിൽത്തന്നെ എം.ബി.ബി.എസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ആരോഗ്യ കേരളം വഴി ലേബർ റൂം ഉൾപ്പെടെ നിർമ്മിക്കുന്നതിന് മൂന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇ ഹെൽത്ത് വഴി വീട്ടിലിരുന്ന് ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം തുടക്കത്തിൽത്തന്നെ ഉണ്ടാകും.അക്കാദമിക് കെട്ടിടത്തിലെക്ക് ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും എത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, സ്പെഷ്യൽ ഓഫീസർ ഡോ.അബ്ദുൾ റഷീദ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.