kudumbasree

പത്തനംതിട്ട : ഓണാഘോഷം സമൃദ്ധമാക്കാൻ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ വിപണന മേളകൾ വരുന്നു. ഓണം ഉത്സവ് ജില്ലാതല വിപണന മേള സെപ്തംബർ മൂന്നു മുതൽ ആറു വരെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടക്കും. ജില്ലയിലെ 58 ഗ്രാമ നഗര സിഡിഎസുകളിലും ഓണച്ചന്തകൾ സെപ്തംബർ ഒന്നു മുതൽ ഏഴു വരെ നടക്കും. പന്തളം തെക്കേക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകളിൽ മുഴുവൻ സംരംഭകരെയും കുടുംബശ്രീ അംഗങ്ങളെയും സംഘകൃഷി ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ച് ഓണം ട്രേഡ് ഫെസ്റ്റ് നടത്തും. ഇതിനു പുറമേ സെപ്തംബർ ഒന്നു മുതൽ 19 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന പത്തനംതിട്ട ഓണം ഫെസ്റ്റിലും കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കും.
ഉൽപന്ന കാർഷിക വിപണന മേളയിൽ ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ ഉത്പാദിപ്പിച്ച പലതരം അച്ചാറുകൾ, കറി പൗഡറുകൾ, ധാന്യപ്പൊടികൾ, നാടൻ പുളി, വെളിച്ചെണ്ണ, ശുദ്ധമായ വെളിച്ചെണ്ണയിൽ തയാർ ചെയ്ത ചിപ്‌സ്, ശർക്കര വരട്ടി, കളിയടയ്ക്ക, പലഹാരങ്ങൾ, മുറം, ദോശകല്ല്, തവ, മൺവെട്ടി, തൂമ്പ മുതലായവയും, ബാഗുകൾ, തുണിത്തരങ്ങൾ, ലോഷനുകൾ, സോപ്പുകൾ, പച്ചക്കറികൾ, വിവിധയിനം പച്ചക്കറി തൈകളും വിത്തുകളും, വളം, ഗ്രോ ബാഗ്, കരകൗശല ഉത്പന്നങ്ങൾ, ഇരവിപേരൂർ റൈസ് തുടങ്ങിയവയും മിതമായ നിരക്കിൽ ലഭ്യമാക്കും.

"കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഭാഗമായി ഓണക്കാലത്ത് മൂവായിരത്തോളം വരുന്ന കുടുംബശ്രീ സംരംഭകർക്കും, കൃഷി, സംഘകൃഷി ഗ്രൂപ്പുകൾക്കും പരമാവധി പിന്തുണയേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിപണന മേളകൾ സംഘടിപ്പിക്കുന്നത്.

അഭിലാഷ് കെ.ദിവാകർ

കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ